National

ഹലാൽ ഉത്പന്നങ്ങളുടെ നിരോധന ഉത്തരവ്; യുപി സർക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി

Spread the love

ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ നിരോധിക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവിൽ നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ചുകൊണ്ടായിരുന്നു യുപി സർക്കാരിന്റെ വിജ്ഞാപനം. ഇതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള രണ്ട് ഹർജികളിലാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്.

സർക്കാർ വിജ്ഞാപനത്തെ ഇസ്ലാം മതത്തിന് നേരായ ആക്രമണമെന്നാണ് ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിശേഷിപ്പിച്ചത്. ജമിയത്ത് ഉലമ-ഇ-മഹാരാഷ്ട്രയാണ് മറ്റൊരു ഹർജിക്കാരൻ. 2023 നവംബർ 18 നാണ് യുപിയിലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറുടെ ഓഫീസ് ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

‘ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു’ എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്. ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.