National

ഹിൻഡൻബർ​ഗ് വീണ്ടും തുണച്ചു; ഏഷ്യയിലെ ധനികരിൽ ഒന്നാമനായി ​​ഗൗതം അദാനി; രണ്ടാമത് മുകേഷ് അംബാനി

Spread the love

മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം അദാനിയുടെ ആസ്തി ഒരു ദിവസം കൊണ്ട് 7.7 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 97.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് അദാനിയുടെ നേട്ടം.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ മുകേഷ് അംബാനി 97 ബില്യൺ ഡോളറിന്റെ ആസ്തിയുമായി നേരിയ വ്യത്യാസത്തിൽ അദാനിയുടെ പിന്നിലായെന്ന് സൂചിക വ്യക്തമാക്കുന്നു. ഇതോടെ ലോകത്തെ ധനികരിൽ 12ാമത്തെ ആളായി അദാനി. നേരത്തെ 15ാം സ്ഥാനത്തായിരുന്നു. അംബാനി നിലവിൽ 13ാം സ്ഥാനത്താണ്. 220 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ലോകധനികരിൽ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്തും 169 ബില്യൺ ഡോളറുമായി ജെഫ് ബെസോസ് തൊട്ടുപിന്നിലുമാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയതിന് പിന്നാലെ അദാനി ഓഹരികള്‍ വിപണിയില്‍ വന്‍ നേട്ടമാണ് കൊയ്തത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് തുടങ്ങിയ ഓഹരികളാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയത്.

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിച്ച വിദഗ്ധ സമിതിയെ സുപ്രിംകോടതി അനുകൂലിക്കുകയായിരുന്നു. സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ കോടതി തള്ളി. വിഷയത്തില്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്. സെബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ വസ്തുതാപരമായി സ്ഥിരീകരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു