National

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം

Spread the love

24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലാണ് സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ എത്തിയതായിരുന്നു സംഘം. കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്താനെത്തിയപ്പോൾ ഇരുന്നൂറിലധികം ഗ്രാമവാസികൾ സംഘത്തെ വളയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തുവെന്നാണ് വിവരം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇഡി ഉദ്യോഗസ്ഥരെയും സിഎപിഎഫ് ജവാന്മാരെയും നാട്ടുകാർ ആക്രമിക്കുകയായിരുന്നു. ടിഎംസി നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംഘം ആക്രമിക്കപ്പെട്ടത്.

സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ബംഗാളിൽ ക്രമസമാധാന നില തകർന്നുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ ആരോപിച്ചു. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളിൽ റോഹിങ്ക്യകളും ഉണ്ടെന്നായിരുന്നു ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം. അതേസമയം, റേഷൻ കുംഭകോണക്കേസിൽ മുൻ ബംഗാവോൺ മുനിസിപ്പാലിറ്റി പ്രസിഡന്റ് ശങ്കർ ആധ്യയുടെ ബങ്കോണിലെ വസതിയിലും ഇഡി റെയ്ഡ് നടത്തി.