Kerala

‘നൂതന സാങ്കേതികവിദ്യാ രംഗത്ത് എന്നും രാജ്യത്തിന് വഴികാട്ടിയ നാടാണ് കേരളം’; മുഖ്യമന്ത്രി

Spread the love

നൂതന സാങ്കേതികവിദ്യാ രംഗത്ത് എന്നും രാജ്യത്തിന് വഴികാട്ടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നത്.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങൾ ഓൺലൈനാക്കിയതും എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ്. ആ നിരയിലെ മറ്റൊരു മുൻകൈയാണ് കെ-സ്മാർട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ; മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ലെന്ന് കെ സുരേന്ദ്രൻ

കെ-ഫോൺ പദ്ധതി നാട്ടിൽ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകൾ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ പറയാനാകണം. അപേക്ഷകർ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതിൽ പരിഹാരം കാണാനാകും.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വർഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പാക്കി. 250 സേവനങ്ങളാണ് ഇതുവഴി ഓൺലൈനായി ലഭിക്കുക. ഫയലിന്റെ സ്ഥിതി അപ്പപ്പോൾ ഓൺലൈനായി അറിയാൻ കഴിയും. ഓരോ അപേക്ഷയോടുമൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയെന്നും മനസ്സിലാക്കാൻ കഴിയും.

ആരോഗ്യരംഗത്തും ഇ-ഗവേർണൻസിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഒരാൾക്ക് ഒരു ഹെൽത്ത് കാർഡ്, ഓൺലൈൻ അപ്പോയ്ന്റ്‌മെന്റ്, ടെലി മെഡിസിൻ സംവിധാനം എന്നിവ ഇ-ഹെൽത്ത് മുഖേന നടപ്പാക്കും. 509 ആശുപത്രികളിൽ ഇത് നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.