ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം; കുഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സുഹൃത്തിന്റെ ഒപ്പമാണ് താമസിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇവരുടെ ഒപ്പമാണ് കൃഷ്ണജിത്തും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ ദീപയുടെ സുഹൃത്ത് ബിജുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. ആ സമയം ബിജുവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ പേരക്കുട്ടിയെ സ്വീകരിച്ചില്ലെങ്കിലും സുഹൃത്ത് നിര്‍ബന്ധിച്ച് കുട്ടിയെ ഏല്‍പ്പിച്ച് പോയി.
Read Also : പാലക്കാട് 3 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കന്തസ്വാമി റിമാൻഡിൽ
വൈകുന്നേരം വീട്ടുകാരെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്ത് പരുക്കുകള്‍ കണ്ടത്. കുട്ടിയുടെ ഒരു കൈ മുകളിലേക്ക് ഉയര്‍ത്താനോ താഴ്ത്താനോ കഴിയുന്നില്ലെന്നും തിരിച്ചറിഞ്ഞ വീട്ടുകാര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയെ ചൂരല്‍ വച്ച് അടിച്ചതാണെന്നും കൈക്ക് സാരമായ പരുക്കുണ്ടെന്നും കണ്ടെത്തി. അമ്മയുടെ സുഹൃത്തായ പ്രതി അരൂര്‍ സ്വദേശിയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.