Kerala

പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍; സിപിഐഎംകാര്‍ രാഷ്ട്രീയവിരോധം തീര്‍ത്തതെന്ന് മെമ്പര്‍

Spread the love

പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി. ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാന്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞത്. സംഭവത്തില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തു

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും ഒരു പെരുമ്പാമ്പിനെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഇവര്‍ വനപാലകര്‍ വരാന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് പഞ്ചായത്തംഗം പറഞ്ഞെങ്കിലും 15 മിനിറ്റിനുള്ളില്‍ പാമ്പിനെ കൊണ്ടുപോകണമെന്ന് ചെറുപ്പക്കാര്‍ ശാഠ്യം പിടിച്ചു. വനപാലകര്‍ എത്താന്‍ വീണ്ടും വൈകിയതോടെ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പിനെ ചാക്കോടുകൂടി പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു.

ഈ സമയം പഞ്ചായത്ത് മെമ്പര്‍ വീട്ടിലെത്തിയിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ബിന്ദു ടി ചാക്കോ. തന്റെ വീട്ടിലേക്ക് സിപിഐഎം പ്രവര്‍ത്തകരാണ് പാമ്പിനെ ഇട്ടതെന്നാണ് ബിന്ദുവിന്റെ ആരോപണം. തന്നോടുള്ള രാഷ്ട്രീയവിരോധമാണ് ഇവര്‍ തീര്‍ത്തതെന്നും വാര്‍ഡ് മെമ്പര്‍ കുറ്റപ്പെടുത്തി.