വിനീത വി.ജിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാനാകില്ല, അതിന് കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുനിൽക്കില്ല; ബിനോയ് വിശ്വം
വിനീത വി.ജിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണവും വ്യക്തിഹത്യയും അംഗീകരിക്കാനാകില്ലെന്നും അതിന് കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുനിൽക്കില്ലെന്നും CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാമ ക്ഷേത്ര ഉദ്ഘാടനം ബിജെപിയുടെ രാഷ്ട്രീയ കൗശലമാണ്. ബാബറി നിന്നിടത്ത് രാമക്ഷേത്ര നിർമ്മാണം അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് സി.പി.ഐ പങ്കെടുക്കാത്തത്. ഗവർണർ ഭരണഘടനാ പദവിയെക്കുറിച്ച് മറക്കുകയാണ്. കോൺഗ്രസ് അതിന്റെ കടമ മറക്കുകയാണ്. ലോകസഭാ തെരഞ്ഞെ ടുപ്പിൽ 20 സീറ്റും വിജയിക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന കൗണ്‍സില്‍ ഔദ്യോഗികമായി തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയുടെ താത്കാലികചുമതല ബിനോയ് വിശ്വത്തിന് നല്‍കിയിരുന്നു. ബിനോയ് വിശ്വത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ വ്യാഴാഴ്ച അംഗീകരിച്ചു. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ അറിയിച്ചിരുന്നു.
2006-2011 കാലഘട്ടത്തില്‍ കേരള സര്‍ക്കാരില്‍ വനം, ഭവനവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ബിനോയ് വിശ്വം. നിലവില്‍ രാജ്യസഭ അംഗമായ ബിനോയ് വിശ്വം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്. സി.പി.ഐയുടെ മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാണ് അദ്ദേഹം.