National

ദേശീയ നേതൃത്വം ബിജെപിയോട് അടുക്കുന്നു; ബന്ധം വിഛേദിക്കുന്നുവെന്ന് ജെഡിഎസ് കേരള ഘടകം

Spread the love

ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിച്ച് ജെഡിഎസ് കേരള ഘടകം. ഇന്നു ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഓരോ ദിവസവും ദേശീയ നേതൃത്വം ബിജെപിയോട് കൂടുതൽ അടുക്കുന്നു. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് യോഗത്തിൽ തീരുമാനമായി.

ഇനിമുതൽ ജെഡിഎസ് കേരള ഘടകം, എച്ച്ഡി ദേവഗൗഡ ദേശീയ പ്രസിഡന്റായ പാർട്ടിയുടെ ഭാഗമല്ല. സ്വന്തം അസ്തിത്വത്തിൽ പ്രവർത്തിക്കും. സമാന പാർട്ടികളുമായി ലയിക്കുന്ന കാര്യവും ആലോചനയിലുണ്ട്. എന്നും പാർട്ടി പറയുന്നു.

ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സികെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ജെഡിഎസ് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര ദേശീയ കൺവെൻഷൻ വിളിച്ചതിനാണ് നടപടിയെന്ന് എച്ച്ഡി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് ദേശീയ നിർവാഹക സമിതി യോഗം ചേർന്നാണ് സികെ നാണുവിനെ പുറത്താക്കിയത്. ദേശീയ വൈസ് പ്രസിഡന്റെ എന്ന നിലയിലായിരുന്നു കൺവെൻഷൻ വിളിച്ചിരുന്നത്.

എച്ച് ഡി ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും ബിജെപിയുമായുള്ള സഖ്യം കേരളത്തിലെ ജെഡിഎസ് ഘടകത്തെ വെട്ടിലാക്കിയിട്ട് മാസങ്ങളായി. സംസ്ഥാന ഘടകം ഇതിൽ കൃത്യമായ തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് സി കെ നാണു കൺവെൻഷൻ വിളിച്ചത്.

കർണാടകയിലെ ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിമുമായി ചേർന്നുകൊണ്ടായിരുന്നു സികെ നാണു ബെംഗളൂരുവിൽ കൺവെൻഷൻ വിളിച്ചിരുന്നത്. ഇത്തരത്തിൽ സമാന്തര യോഗം വിളിക്കാൻ സികെ നാണുവിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയത്.