Kerala

മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല, പാര്‍ട്ടിയ്ക്ക് പുറത്തും സ്വീകാര്യനാകണം’; സിപിഐഎമ്മിന്റെ ഗുണ്ടാശൈലിക്കെതിരെ ജി സുധാകരന്‍

Spread the love

സിപിഐഎമ്മിന്റെ ഗുണ്ടാശൈലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി സുധാകരന്‍. പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യന്‍ ആകണമെന്ന് സിപിഐഎമ്മിനെ ജി സുധാകരന്‍ ഓര്‍മിപ്പിച്ചു. മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല. പാര്‍ട്ടിയില്‍ തങ്ങള്‍ കുറച്ച് പേര്‍ മാത്രമെന്ന രീതിയും ശരിയായതല്ല. മാര്‍ക്‌സിസ്റ്റുകള്‍ മാത്രം വോട്ടുചെയ്താല്‍ ജയിക്കുമോയെന്നും ജി സുധാകരന്‍ ചോദിച്ചു. ആലപ്പുഴയിലെ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു മുന്‍മന്ത്രിയുടെ പരാമര്‍ശങ്ങള്‍.

നവകേരള സദസിനെതിരെ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും പൊലീസും അടിച്ചമര്‍ത്തുന്ന രീതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് ജി സുധാകരന്റെ ശ്രദ്ധേയമായ പ്രതികരണം. പാര്‍ട്ടി ഭാരവാഹികള്‍, പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ എന്നിവര്‍ക്ക് മാത്രം സര്‍ക്കാര്‍ സ്വീകാര്യരായാല്‍ പോരെന്നാണ് ജി സുധാകരന്‍ സൂചിപ്പിച്ചത്. പൂയപ്പള്ളി തങ്കപ്പന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടുചെയ്താല്‍ ചിലപ്പോള്‍ ഇടതുമുന്നണി കണ്ണൂരില്‍ മാത്രം ജയിച്ചേക്കാമെങ്കിലും ആലപ്പുഴയിലൊന്നും അത് നടക്കില്ലെന്നാണ് ജി സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ എന്നും ജി സുധാകരന്‍ ചോദിച്ചു. അങ്ങനെയൊക്കെയാണ് കരുതിയിരിക്കുന്നതെങ്കില്‍ ആ ധാരണകള്‍ തെറ്റാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.