Friday, January 24, 2025
Latest:
National

കടലാഴത്തിൽ ഒളിച്ചാലും കണ്ടെത്തും’: കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രാജ്നാഥ് സിംഗ്

Spread the love

മർച്ചന്റ് നേവി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കടലാഴത്തിൽ ഒളിച്ചാലും ഇവരെ കണ്ടെത്തും. അറബിക്കടലിൽ എംപി ചെം പ്ലൂട്ടോയ്ക്കും ചെങ്കടലിൽ എംവി സായിബാബയ്ക്കും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാവികസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണം നടത്തിയത് ആരായാലും, കടലിനടിയിൽ നിന്നാണെങ്കിൽ പോലും അവരെ കണ്ടെത്തും. പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. നാവികസേന വികസിപ്പിച്ച് രൂപകൽപ്പന ചെയ്ത വിശാഖപട്ടണം ക്ലാസ് ഫ്രിഗേറ്റാണിത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മുഴുവൻ സുരക്ഷയുടെ ഉത്തരവാദിത്തം ഇന്ത്യക്കാണ്. സർക്കാർ സുഹൃദ് രാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുകയും മേഖലയിലെ സമുദ്ര വ്യാപാരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി നാവികസേന സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.