‘മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല’; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പങ്കെടുക്കില്ലെന്ന് മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. മതവിശ്വാസങ്ങളെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഐഎം. എന്നാൽ മതപരമായ ആചാരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും ബൃന്ദ പറഞ്ഞു.
‘വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. രാജ്യത്തെ മുഴുവൻ മതവിശ്വാസങ്ങളെ സിപിഐഎം ബഹുമാനിക്കുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കുന്നത്. മതത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി’-ബൃന്ദ ആരോപിച്ചു.
‘ഭരണഘടനാ വ്യവസ്ഥകൾക്കും സർക്കാരിനും മതപരമായ നിറങ്ങൾ ഉണ്ടാകരുത്. തികച്ചും മതപരമായ ഒരു പരിപാടിയെ രാഷ്ട്രീയവൽക്കരിക്കുന്നതാണ്, ഇത് ശരിയല്ല’ – ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. നേരത്തെ രാജ്യസഭാ എംപി കപിൽ സിബലും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. രാമക്ഷേത്ര ഉദ്ഘാടനം കേന്ദ്രം നടത്തുന്ന ഒരു ‘ഷോ’ മാത്രമാണ്. രാമന്റെ സ്വഭാവഗുണങ്ങൾ പഠിപ്പിക്കുന്നതിന് പകരം നേരെ വിപരീതമാണ് കാവി പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനുവരി 22ന് ഉച്ചയ്ക്ക് 2 മണിക്കാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഏഴായിരത്തിലധികം ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുർമു, ബിജെപി നേതാക്കൾ, പ്രതിപക്ഷ നേതാക്കൾ, രാജ്യത്തെ 4000 പ്രമുഖ സന്യാസിമാർ, കൂടാതെ സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും സമൂഹത്തിലെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ഇതിനായുള്ള അയോധ്യ ജില്ലാ ഭരണകൂടത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.