SFI നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്; റിപ്പോർട്ട് തേടി DGP
മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്. എസ്.എസ്. ടി ആക്രമണ നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
വിദ്യാർത്ഥിനിക്കെതിരെ ഇന്നലെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മർദനത്തിനിരയായ മൂന്നാംവർഷ വിദ്യാർഥിനിക്കെതിരെയും കേസെടുത്തിരിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. പ്രിൻസിപ്പലിനെതിരെ കോളജിൽ അടുത്തിടെ നടന്ന സമരത്തിൽ എല്ലാ വിദ്യാർഥി സംഘടനകളും ഒന്നിച്ചായിരുന്നു. പിന്നീട് എസ്.എഫ്.ഐ നേതാക്കൾ അറ്റൻഡൻസ് പ്രശ്നം മറികടന്ന് പരീക്ഷ എഴുതി. സമരത്തിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇത് തർക്കത്തിനിടയാക്കി. തുടർന്ന് വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച് തകർക്കുകയും ദേഹത്തുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി നൽകിയിരുന്നു.