നവകേരള സദസ് കഴിഞ്ഞു, ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നത്; കെ.മുരളീധരൻ
നവകേരള സദസ് കഴിഞ്ഞു, ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. നവ കേരള സദസ് പത്തുനിലയിൽ പൊട്ടിയതിന്റെ ക്ഷീണം തീർക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും എംവി ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലിയെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. എംപിമാർക്കെതിരെയുള്ള ആക്രമണത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ യുവമോർച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പൊലീസ് നടപടിയെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ മോദി ചക്രവർത്തിയും ഇവിടെ പിണറായി തമ്പുരാനുമാണ്. രണ്ടുപേർക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധം. മാധ്യമ പ്രവർത്തകക്കെതിരായ കേസിൽ മോദി ചെയ്യുന്നത് തന്നെയാണ് പിണറായിയും ചെയ്യുന്നതെന്നും കെ മുരളീധരൻ കൂട്ടപ്പെടുത്തി. ദിവസവും നവകേരള സദസിൽ തള്ളുന്ന പിണറായി എംപിമാരുടെ സസ്പെൻഷനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയിൽ എംഎൽഎമാരുടെ സസ്പെൻഷൻ കൂടിയേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എപി അനില്‍കുമാര്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവല്‍ അനുസരിച്ച് പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. അതൊന്നും പാലിക്കാതെയാണ് സമാധാനപരമായി നടന്ന പ്രതിഷേധ യോഗത്തിന് നേരെ പൊലീസ് നടപടി ഉണ്ടായതെന്നും, ഇത് പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താനാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.