Kerala

പൊലീസ് ജീപ്പ് തകർത്ത് ഡിവൈഎഫ്ഐ നേതാവ്; അറസ്റ്റ് സിപിഎം തടഞ്ഞു, ബലം പ്രയോ​ഗിച്ച് കസ്റ്റഡി, പ്രതി ചാടിപ്പോയി

Spread the love

തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. നിധിന്‍റെ അറസ്റ്റ് തടഞ്ഞ് സിപിഎം രംഗത്തെത്തിയിരുന്നു. ഇയാളെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് നിധിൻ രക്ഷപ്പെട്ടു.

ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ മുൻവശത്തെ കണ്ണാടി അടിച്ചു തകര്‍ത്തത്. പിന്നീട് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. .

തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന് ശേഷം നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാൻ പൊലീസുകാര്‍ എത്തിയപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. എന്നാൽ പൊലീസുകാര്‍ വിട്ടില്ല. ബലം പ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം കേസെടുക്കുമെന്നാണ് വിവരം. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഇയാള്‍ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിരിക്കുന്നത്.