ബൗളര്‍മാര്‍ക്ക് അനുകൂലമായി പുതിയ നിയമം; ഐ.പി.എല്ലിൽ നിർണായക മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ
ഇന്ത്യൻ പ്രീമിയർ ലീഗ് നിയമത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ. വരുന്ന സീസൺ മുതലാണ് മാറ്റം വരുക. ഒരോവറിൽ ബൗളർക്ക് രണ്ട് ബൗൺസർ അനുവദിക്കുന്നതാണ് പുതിയ നിയമം. ഈയിടെ അവസാനിച്ച സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. ഐ.പി.എല്ലിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചതായും 2024 സീസണിൽ പുതിയ നിയമം നിലവിൽ വരുമെന്നുമാണ് റിപ്പോർട്ട്.
പുതിയ നിയമം മത്സരം കൂടുതൽ ആവേശകരമാക്കുമെന്നും ഡെത്ത് ഓവറുകളിൽ ബാറ്റർമാരെ കുഴക്കാൻ ബൗളർമാർക്ക് ഇത് കൂടുതൽ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.
രണ്ട് ബൗണ്‍സര്‍ എറിയാന്‍ സാധിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കട് പ്രതികരിച്ചു. ‘ഇത് ബാറ്റര്‍ക്കെതിരെ കുറച്ചുകൂടി മേധാവിത്വം നല്‍കാന്‍ ബൗളറെ സഹായിക്കും. അവസാന ഓവറുകളിലെല്ലാം ഇതൊരു വജ്രായുധമായി ബൗളര്‍ക്ക് ഉപയോഗിക്കാനാകും’ -ഉനദ്കട് കൂട്ടിച്ചേര്‍ത്തു.