National

പാർലമെന്റ് ആക്രമണക്കേസ്: പ്രതികളുടെ മൊഴി തള്ളി പൊലീസ്

Spread the love

പാർലമെന്റ് ആക്രമണക്കേസിൽ പ്രതികളുടെ മൊഴി തള്ളി പൊലീസ്. യാദൃശ്ചികമായ കൂടിച്ചേരലാണ് കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായതെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ ഇടപെടൽ ഉണ്ടെന്നും നിഗമനം. പ്രതികളുടെയും ബന്ധുക്കളുടെയും ചില സംഘടനകളുടെയും സാമ്പത്തിക ബന്ധങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

അതിനിടെ സംഭവത്തിൽ സ്പീക്കറുടെ അനുനയ നീക്കങ്ങൾ പ്രതിപക്ഷം തള്ളി. സ്പീക്കറുടെ കത്തിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സഭയിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം. നാളെ പ്രതിപക്ഷ പാർട്ടികളുടെ കക്ഷി നേതാക്കന്മാർ പത്തുമണിക്ക് യോഗം ചേരും. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.

കഴിഞ്ഞ ദിവസം കേസിലെ ആറാം പ്രതി മഹേഷ് കുവാത്തിനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ലളിത് എത്തിയത് രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണ്.

കൂടാതെ, ആദ്യം അറസ്റ്റിലായ നാല് പ്രതികളുടെ മൊബൈൽ ഫോണുകൾ നശിപ്പിച്ചതിലും മഹേഷിന് പങ്കുണ്ട്. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായ നീലം ദേവിയുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ലളിത് ഝായെ ഡൽഹി കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഗൂഢാലോചനയുടെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം പ്രത്യേക ജഡ്ജി അംഗീകരിക്കുകയായിരുന്നു.