Kerala

കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് സ്വീകരണവുമായി സിപിഐഎം

Spread the love

കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പ്രതികൾക്ക് സ്വീകരണവുമായി സിപിഐഎം. ജയിൽ മോചിതരായ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഐഎം മാടായി ഏരിയ കമ്മിറ്റി സ്വീകരണം ഒരുക്കിയത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്.

പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.

ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെൽമറ്റും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ ഉണ്ട്. 14 പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. അതിൽ 4 പേരാണ് ഇപ്പോള്‌ ജാമ്യത്തിലിറങ്ങിയത്.

മാടായിപ്പാറയിൽ കല്യാശ്ശേരി മണ്ഡലം നവകേരള സദാസ് കഴിഞ്ഞ് തളിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രിസഭയുടെ ബസ്. എരിപുരത്തെത്തിയപ്പോൾ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.