‘നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം’; സർക്കാരിന് നിയമോപദേശം
ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയില്‍ നിയമപ്രശ്നമുണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചത് തെറ്റാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയിലാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്.
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സര്‍ക്കാരിന് അനുകൂലമായ നിയമോപദേശം. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ ചിലത് നേരത്തെ ഓര്‍ഡിനന്‍സായിരുന്നപ്പോള്‍ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. സര്‍വകലാശാല ഭേദഗതി ബില്‍, മില്‍മ ബില്‍, സഹകരണ ഭേദഗതി ബില്‍ എന്നിവ ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു.
ഓര്‍ഡിനന്‍സ് ആയിരുന്നപ്പോള്‍ അംഗീകരിച്ചവ ബില്ലുകള്‍ ആയപ്പോള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുന്നത് ചട്ടവിരുദ്ധം ആണെന്ന് സര്‍ക്കാരിന് ലഭിച്ച നിയമപദേശത്തില്‍ പറയുന്നു. ഓര്‍ഡിനന്‍സുകളില്‍ നിന്നും മാറ്റമില്ലാതെയാണ് ബില്ലുകള്‍ തയ്യാറാക്കിയത്. എന്നിട്ടും തടഞ്ഞുവെച്ചത് മറ്റ് താല്‍പര്യങ്ങള്‍ കൊണ്ടാകാമെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാന്‍, അഡ്വ. കെ.കെ വേണുഗോപാല്‍ എന്നിവരില്‍ നിന്നാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്. ജനുവരി എട്ടിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര് ഇക്കാര്യം സുപ്രീം കോടതിയില്‍ അവതരിപ്പിക്കും.