Kerala

ഷബ്‌ന ജീവനൊടുക്കിയ സംഭവം; ഭർതൃ സഹോദരി ഹഫ്സത്ത് അറസ്റ്റിൽ

Spread the love

ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ സഹോദരി ഹഫ്സത്ത് കൂടി അറസ്റ്റിൽ. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ വടകര DySPക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു ഹഫ്സത്ത്. സംഭവത്തിൽ ഭർതൃ മാതാവിനെയും ഷബ്‌നയുടെ ഭർത്താവായ ഹബീബിന്റെ അമ്മാവൻ ഹനീഫയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3 ആയി

നേരത്തേ കോഴിക്കോട്ടെ ലോ‍ഡ്ജിൽ നിന്നായിരുന്നു ഭർതൃ മാതാവ് നബീസയെ അറസ്റ്റ് ചെയ്തത്. ഷബ്‌നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവർ. ഷബ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭർത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് ഹബീബിന്റെ അമ്മാവൻ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരി ഹഫ്സത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷയും ഭർതൃമാതാവ് നബീസയുടെയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രായം പരിഗണച്ച് ഭർതൃപിതാവ് മഹമൂദ് ഹാജിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

ഡിസംബർ നാലിനായിരുന്ന ഷബ്നയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്ന തൂങ്ങി മരിക്കാൻ ഇടയാക്കിയതെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. ഭർതൃവീട്ടിൽ വച്ച് ഭർത്താവ് ഹബീബിന്റെ അമ്മാവൻ ഹനീഫ് ഷബ്നയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2010ലാണു ഷബ്ന വിവാഹിതയായത്. ഹബീബ് പ്രവാസിയാണ്.