നിറഞ്ഞാടി ഇന്ത്യൻ പെൺപട; ഇംഗ്ലണ്ടിനെതിരെ ഒന്നാം ദിനം നേടിയത് 410 റൺസ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യൻ വനിതകളുടെ ആധിപത്യം. മുംബൈ DY പാട്ടീൽ സ്‌പോർട്സ് അക്കാദമിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തിട്ടുണ്ട്. വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം ആദ്യ ദിനം 400 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. തുടക്കത്തിൽ ഓപ്പണിംഗ് ജോഡികളായ സ്മൃതി മന്ദാന (17), ഷെഫാലി വർമ (19) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിച്ച ശുഭ സതീഷും ജെമിമ റോഡ്രിഗസും ചേർന്ന് 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഇന്നിംഗ്സ് പടുത്തുയർത്തി.
ശുഭ 76 പന്തിൽ 13 ബൗണ്ടറികളുടെ സഹായത്തോടെ 69 റൺസും ജെമീമ 99 പന്തിൽ 11 ബൗണ്ടറികളോടെ 68 റൺസും നേടി. ശുഭയും ജെമീമയും പുറത്തായതിന് ശേഷം യാസ്തിക ഭാട്ടിയയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അഞ്ചാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹർമൻപ്രീതിന് തന്റെ കന്നി ടെസ്റ്റ് അർദ്ധ സെഞ്ച്വറി തികയ്ക്കാൻ കഴിയാതെ റണ്ണൗട്ടായി. ഹർമൻപ്രീത് 81 പന്തിൽ 49 റൺസും യാസ്തിക 88 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 66 റൺസും നേടി.
എന്നിരുന്നാലും ആദ്യദിവസം ഇന്ത്യക്ക് 400 റൺസ് കടക്കാൻ സാധിക്കുമോ എന്ന സംശയം നിലനിന്നിരുന്നു. പക്ഷേ ഏഴാം വിക്കറ്റിൽ ദീപ്തി ശർമയും സ്നേഹ് റാണയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ ഇന്ത്യ 400 റൺസ് പിന്നിട്ടു. ദിവസം കളി അവസാനിക്കുമ്പോൾ ദീപ്തി ശർമ (60) പൂജ വസ്ട്രാക്കർ (4) എന്നിവരാണ് ക്രീസിൽ. വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം ആദ്യ ദിനം 400 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. ആദ്യമായാണ് ഇന്ത്യൻ ടീം ഈ നേട്ടം കൈവരിക്കുന്നത്.