Kerala

ഗവർണറെ തടഞ്ഞ സംഭവം: സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റമെന്ന് പൊലീസ്

Spread the love

തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ്. ഗവർണറെ പൊതുസ്ഥലത്ത് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, എസ്എഫ്‌ഐ പ്രതിഷേധം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് രാജ്ഭവൻ്റെ തീരുമാനം.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശമുള്ളത്. ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ്. ഗവർണറെ പൊതുസ്ഥലത്ത് തടഞ്ഞു അന്യായമായി ആക്രമിക്കാൻ ശ്രമിച്ചു. ഗവർണറുടെ വാഹനത്തിന് നാശനഷ്ടം സംഭവിച്ചു. 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനുള്ള ഗവർണറുടെ നിർദേശത്തെ തുടർന്ന് പൊലീസ് ഐപിസി 124 ചുമത്തിയിരുന്നു.

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതരമായ വകുപ്പാണ് ഐപിസി 124. ഏഴ് വർഷം കഠിനതടവ് ലാഭിക്കാം. പൊതുമുതൽ നശിപ്പിക്കൽ വകുപ്പും ചുമത്തി. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു പ്രവർത്തകരിൽ ആറു പേരെ പൊലീസ് റിമാൻഡ് ചെയ്തു. ആറാം പ്രതി അമന്‍ ഗഫൂറിന് എൽഎൽബി പരീക്ഷയുണ്ടെന്ന പരിഗണനയിൽ ഇടക്കാല ജാമ്യം അനുവദിച്ചു.

പേട്ട പൊലിസ് അറസ്റ്റ് ചെയ്ത 5 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യവും നൽകി. തിരുവനന്തപുരം ജെഎഫ്എംസി മൂന്നാം കോടതിയാണ് കേസ് പരിഗണിച്ചത്‌. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്നും ഗവർണർ ചോദിച്ചിട്ടുണ്ട്.

6