Kerala

‘ഗവർണർ പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം’; എം.ബി രാജേഷ്

Spread the love

തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് മന്ത്രിമാർ. കരിങ്കൊടി കാട്ടൽ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.

നവ കേരള സദസിനെതിരെ യുഡിഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ എൽഡിഎഫ്, ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിക്കുകയാണ്. കരിങ്കൊടി ജനാധിപത്യമാരമായ പ്രതിഷേധമാണെന്ന് എം.ബി രാജേഷ് 24 നോട് പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് ഗവർണർ ആണെന്നും അദ്ദേഹം പറഞ്ഞു.

അന്ന് കാണിച്ചതുപോലെ കാണിക്കാൻ നിൽക്കരുത്. ഗവർണർ കുട്ടികളെപ്പോലെ പെരുമാറരുതെന്നും പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു. തനിക്കെതിരായ ആക്രമണത്തിന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന ഗവർണറുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഗവർണർ എന്തും കടത്തിപ്പറയുന്ന ആളാണ്, ഈ ആരോപണവും അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം 24 നോട് പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഗവർണർ നടത്തിയത്. പൊലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസെടുത്ത പൊലീസ് പക്ഷേ ഗവർണറെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകളാണ് ആദ്യം ചുമത്തിയത്.

രാജ്ഭവനിലെ സമ്മർദ്ദം മൂലമാണ് ഗുരുതരമായ വകുപ്പുകൾ ചുമത്താൻ പൊലീസ് തയ്യാറായത്. കരിങ്കൊടി പ്രതിഷേധത്തിൽ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും രാജ്ഭവൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തെ വിഷയം അറിയിക്കാനാണ് രാജഭവന്റെ തീരുമാനം.