പുറത്താക്കൽ നടപടി: മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ
മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്താണ് തൃണമൂൽ കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചത്. ചോദ്യത്തിന് കോഴ ആരോപണത്തിൽ വെള്ളിയാഴ്ചയാണ് മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങൾ ശരിവച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിർല സമ്മതിച്ചില്ല. മഹുവക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.