റഫറിയെ വിമർശിച്ചു; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക്
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ചുമത്തിയത്. റഫറിയെ വിമർശിച്ചതിനാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമാണ് ഇവാൻ റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്.
ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിലക്ക് മൂലം അദ്ദേഹത്തിന് ടച്ച് ലൈനിൽ നിൽക്കാനോ പത്രസമ്മേളനം നടത്താനോ കഴിയില്ല.
ഇവാൻറെ അഭാവത്തിൽ നാളെ നടക്കുന്ന പത്രസമ്മേളനത്തിൽ അസിസ്റ്റൻറ് പരിശീലകൻ ഫ്രാങ്ക് പങ്കെടുക്കുമെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരെ വിവാദമായ വാക്ക് ഔട്ട് നടത്തിയ ഇവാന് പത്തു മത്സരങ്ങളോളം വിലക്ക് കിട്ടിയിരുന്നു.