National

സുപ്രീം കോടതി വിധി; നേതാക്കൾ വീട്ടുതടങ്കലിൽ, ആരോപണം തള്ളി ജമ്മു കശ്മീർ ലഫ്. ഗവർണർ

Spread the love

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്.

പിഡിപിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. മഫ്തിയുടെ വസതി പൊലീസ് സീൽ ചെയ്തുവെന്നാണ് ആരോപണം. വസതിയുടെ വാതിൽ താഴിട്ട് പൂട്ടിയിരിക്കുന്ന ചിത്രങ്ങളും പിഡിപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തൊട്ടുപിന്നാലെ സമാന ആരോപണവുമായി എൻസിയും രംഗത്തെത്തി. ഒമർ അബ്ദുള്ളയെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇതാണോ ജനാധിപത്യം? – എൻസി വക്താവ് സാറ ഹയാത്ത് ട്വീറ്റ് ചെയ്തു.

ആരോപണങ്ങൾ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തള്ളി. മുഫ്തിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പിഡിപിയുടെ അവകാശവാദം തികച്ചും അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ കാരണങ്ങളാൽ ആരെയും വീട്ടുതടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവർണർ മനോജ് സിൻഹ പറഞ്ഞു.