National

തെലങ്കാനയിൽ ഭരണമേറ്റ് കോൺഗ്രസ് മുഖ്യമന്ത്രി; വിജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കുഴഞ്ഞ് BJP

Spread the love

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനുള്ള ചർച്ചകളിലാണ് ബിജെപി. തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, ഛത്തീസ്​ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികരാത്തിലേക്ക് എത്തിയപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കോൺ​ഗ്രസ് ഭരണം പിടിച്ചെടുത്ത തെലങ്കാനയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി. മിസോറാമിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർ സത്യപ്രതിജ്ഞ ചെയ്തു.

എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്​ഗഢിലും മുഖ്യമന്ത്രി കസേരയിലേക്ക് ആരെ പരി​ഗണിക്കുമെന്ന് ബിജെപിയിൽ തീരുമാനം ആയിട്ടില്ല. കോൺ​ഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുത്ത രാജസ്ഥാനിൽ സമ്മർദ നീക്കങ്ങളാണ് ബി‍ജെപിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ വരുന്നത്. മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് സമ്മർദനീക്കവുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിലേക്കെത്തിയിരുന്നു. രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായ വസുന്ധര മൂന്നാമൂഴമാണ് ലക്ഷ്യമിടുന്നത്.

അതേസമയം രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന തീവ്രഹിന്ദുത്വ വാദി ബാലക്നാഥിൻറെ രാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്ന മറ്റൊരു പേര്. ഇതിനിടെ കേന്ദ്രമന്ത്രിയായ അശ്വിനി വൈഷ്ണവ് രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും പാർട്ടിയുടെ പരിഗണനയിലുണ്ട്. ദലിത് വിഭാഗത്തിൽ നിന്നുള്ള അർജുൻ റാം മേഘവാളിന്റെ പേരും മുൻഗണനാപട്ടികയിലുണ്ട്. പേരുകൾ പലതും പരി​ഗണന പട്ടികയിൽ ഉണ്ടെങ്കിലും തീരുമാനമെടുക്കാൻ ബിജെപിയിൽ ആശയക്കുഴപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് നടന്ന 199 സീറ്റിൽ 115 സീറ്റ് സ്വന്തമാക്കിയാണ് ബിജെപി രാജസ്ഥാനിൽ ജയിച്ചത്.

ഭരണം നിലനിർത്തിയ മധ്യപ്രദേശിൽ ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെങ്കിലും ശിവ്‌രാജ് സിങ് ചൗഹാന് സാധ്യതയേറെയാണ്. എന്നാൽ ശിവ്‌രാജ് സിങ് ചൗഹാന് പകരം പുതുമുഖത്തെ പരി​ഗണിക്കുെമെന്നും സൂചനകളുണ്ട്. നാലു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ശിവരാജ് സിങ് ചൗഹാൻ.ചൗഹാന്റെ ലാഡ്‍ലി ബെഹ്ന പോലുള്ള ക്ഷേമപദ്ധതികളാണ് ബിജെപിയെ വിജയത്തിലെത്തിച്ചെന്ന വാദങ്ങൾ ഉയർന്നെങ്കിലും മോദി പ്രഭാവം തന്നെയാണ് മധ്യപ്രദേശിലെ വിജയത്തിന്റെ പിന്നിലെന്ന് നേതാക്കൾ ഉറച്ച് പറയുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയ എന്നിവരാണ് പരി​ഗണന പട്ടികയിൽ ഉൾപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ 230ൽ 163 സീറ്റുകളാണ് ബി.ജെ.പി നേടിയത്.

ഛത്തീസ്​ഗഢിലെ പുതിയ സർക്കാരിനെ നയിക്കാൻ മുൻ മുഖ്യമന്ത്രി രമൺ സിം​ഗ് മതിയോ അല്ലെങ്കിൽ പുതുമുഖങ്ങൾ വേണോ എന്നാതാണ് ബി ജെ പിക്ക് മുന്നിലെ ചോദ്യം. ഛത്തീസ്ഗഡിൽ നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് ഗോത്രവർഗ നേതാവും കേന്ദ്രമന്ത്രിയുമായ രേണുക സിങ്ങാണ്. ഒ പി ചൗധരി, മുൻകേന്ദ്ര മന്ത്രിയും ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റ് പ്രധാന പേരുകൾ. 90 അം​ഗ നിയമസഭയിൽ 54 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ഛത്തീസ്​ഗഢിൽ ഭരണം നിലനിർത്തിയത്.

കേന്ദ്രനേതൃത്വം തീരുമാനമെടുത്തിട്ടുണ്ടെന്നും ഞായറാഴ്ചയോടെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും ഇന്ദോർ എം.എൽ.എ.യുമായ കൈലാഷ് വിജയ് വർഗിയ പ്രതികരിച്ചത്.