Wednesday, February 5, 2025
Latest:
Kerala

‘കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ല’; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

നികുതിവെട്ടിപ്പുകാരുടെ പറുതീസയാണ് കേരളമെന്നും ആര്‍ക്കും കൊണ്ടു വന്ന് എന്തു വില്‍ക്കാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് വിഡി സതീശന്‍ പറഞ്ഞു. ധനമന്ത്രി ആഴ്ചയില്‍ നാലു ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ്. മുഖ്യമന്ത്രി ധനമന്ത്രിയെയും കൂട്ടി 44 ദിവസം പോയിരിക്കുകയാണ്. ഇപ്പോള്‍ ട്രഷറി അടഞ്ഞുകിടക്കുകയാണെന്നും ഒരു വിധത്തിലുള്ള ധനകാര്യ സംബന്ധമായ ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയാണെന്നും വികസന പദ്ധതികള്‍ ഉള്‍പ്പെടെ താളം തെറ്റിയിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇതിനിടെയാണ് മന്ത്രിമാരെ കൊണ്ട് ടൂര്‍ പോയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ പോലും ഇല്ലെന്നും നാഥനില്ല കളരിയായെന്നും അരാജകത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസി തകരുകയാണ്, സപ്ലൈകോ അടച്ചുപൂട്ടലിന്റെ ഭിഷണിയില്‍, നെല്ല് സംഭരണത്തിന്റെ പണം നല്‍കാനുണ്ട്, കെഎസ്ഇബിയുടെ കടം 40,000 കോടിയായെന്നും വിഡി സതീശന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമര്‍ശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.