Kerala

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Spread the love

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്.

അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ വിദഗ്ധയായ ഡോ ലളിതാംബിക ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2018ൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്‌ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി (സിഎൻഇഎസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. മനുഷ്യ ബഹിരാകാശ യാത്രയിൽ സിഎൻഇഎസും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറിൽ ഒപ്പുവെക്കുന്നതിലും ഡോ ലളിതാംബിക നിർണായക പങ്ക് വഹിച്ചു.

2021ൽ മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഐഎസ്ആർഒ സന്ദർശിച്ചപ്പോൾ ബഹിരാകാശയാത്രയുമായി
ബന്ധപ്പെട്ട് ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള രണ്ടാമത്തെ കരാർ ഒപ്പിട്ടതും ലളിതാംബികയുടെ നേതൃത്വത്തിലായിരുന്നു. മേഖലയിലെ ലളിതാംബികയുടെ വൈദഗ്ദ്ധ്യം, നേട്ടങ്ങൾ, അശ്രാന്ത പരിശ്രമം എന്നിവ ഇൻഡോ-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ പറ‍ഞ്ഞു.

ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, ലതാ മങ്കേഷ്‌കർ, ഷാരൂഖ് ഖാൻ, ശശി തരൂർ തുടങ്ങിയവർക്കും മുൻപ് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ട്.