Business

സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 800 രൂപ

Spread the love

തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,280 രൂപയുമായി

ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5885 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 47,080 രൂപയും.

സ്വർണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്ന് ഡിമാൻഡ് ആന്റ് സപ്ലൈ ആണ്. നമുക്കെല്ലാവർക്കും അറിയുന്നത് പോലെ ആവശ്യം കൂടുമ്പോൾ വിലയും കൂടും. സ്വർണത്തിന് ആവശ്യക്കാർ വർധിക്കുന്നതോടെയാണ് സ്വർണവിലയു ഉയരുന്നത്. പക്ഷേ സ്വർണത്തിന് ആവശ്യം കൂടാൻ എന്താണ് കാരണം ?

സാധാരണഗതിയിൽ ഫിനാൻഷ്യൽ മാർക്കറ്റിലോ സർക്കാരിലോ വിശ്വാസം നഷ്ടപ്പെടുമ്പോൾ നിക്ഷേപകർ മറ്റ് രംഗങ്ങൾ വിട്ട് സ്വർണത്തിൽ നിക്ഷേപം കൂട്ടും. കാരണം രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തകരാത്തത് ഒന്നേയുള്ളു, അത് സ്വർണമാണ്. കറൻസിയുടെ മൂല്യം കൂടിയും കുറഞ്ഞും വരാം, പക്ഷേ സ്വർണവില കുലുക്കമില്ലാതെ തന്നെ ഏറെ നാൾ നിലനിൽക്കുന്നു, ഒപ്പം പണപ്പെരുപ്പത്തിന് പ്രതിരോധം തീർക്കാനും സ്വർണത്തിന് സാധിക്കും. കറൻസിയുടെ മൂല്യം ഇടിയുമെന്ന ആശങ്കയും നിക്ഷേപരെ സ്വർണത്തിലേക്ക് അടുപ്പിക്കാറുണ്ട്.

മറ്റൊരു കാരണം ബാങ്കുകളാണ്. സെൻട്രൽ ബാങ്കുകൾ വായ്പ അധികമായി നൽകുമ്പോൾ പലിശ നിരക്ക് താഴും. ഇത് പണപ്പെരുപ്പത്തിന് കാരണമാകുകയും സ്വർണവില ഉയരുന്നതിലേക്ക് വഴി തെളിക്കുകയും ചെയ്യും. സെൻട്രൽ ബാങ്ക് റിസർവായി അധികമായി സ്വർണം വാങ്ങി വയ്ക്കുന്നതും സ്വർണ വില ഉയരാൻ കാരണമാകും. പശ്ചിമേഷ്യയിലെ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചെന്റ്സ് അസോസിയേഷൻ പറയുന്നു. സ്വർണ്ണത്തിൽ നിക്ഷേപിച്ചിട്ടുള്ള വൻകിടക്കാർ ലാഭം എടുത്ത് പിന്മാറാതിരുന്നാൽ വില വീണ്ടും വർദ്ധിക്കുമെന്നാണ് സൂചനകൾ.

ഈ സമയത്ത് സ്വർണത്തിൽ നിക്ഷേപിക്കണോ വേണ്ടയോ ? വേണം എന്ന് തന്നെയാണ് ഉത്തരം. നിങ്ങളുടെ നിക്ഷേപത്തിന്റെ 2-10% വരെ സ്വർണത്തിലായിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.