‘കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു’; ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ പ്രതികരിച്ച വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയ്.
അതേസമയം കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലാണ്. പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രതികൾ വാഹനത്തിൽ പോയ കൂടുതൽ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. ഇതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആറുവയസുകാരി ഇന്ന് വീട്ടിലേക്ക് മടങ്ങും.
ഇതിനിടെ കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. 24-ാം തീയതിയിലെ ദൃശ്യങ്ങൾ ആണ് ലഭിച്ചത്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പും സമാനപാതയിലൂടെ സംഘം യാത്ര ചെയ്തു. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് 24 ന് ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31 നാണ് വെള്ള സ്വിഫ്റ്റ് കാർ കടന്നുപോയത്. പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്കായിരുന്നു യാത്ര.
തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പൊലീസ് പുറത്തുവിട്ടിരുന്നു. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം. പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതെന്ന് സംശയം. ഏഴ് മിനിറ്റ് പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.