Kerala

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതികളെ തിരഞ്ഞ് പൊലീസ്

Spread the love

കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ. പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രതികൾ വാഹനത്തിൽ പോയ കൂടുതൽ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. അതേസമയം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആറുവയസുകാരി ഇന്ന് വീട്ടിലേക്ക് മടങ്ങും.

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പൊലീസ് പുറത്തുവിട്ടിരുന്നു. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം. പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതെന്ന് സംശയം. ഏഴ് മിനിറ്റ് പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read Also: കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായി; കെ സുരേന്ദ്രൻ

തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി രംഗത്തുവന്നിരുന്നു. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവർക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ആൾ എന്ന് കുട്ടി വിഡിയോയിൽ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബി​ഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്.