Kerala

സംസ്ഥാന ബിജെപിക്കും ഐടി സെല്ലിനുമെതിരെ ദേശീയ ജനറൽ സെക്രട്ടറി

Spread the love

സംസ്ഥാന ബിജെപിക്കും ഐടി സെല്ലിനുമെതിരെ ഒളിയമ്പുമായി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ. ദേശീയ നേതൃത്വം കേരളത്തിൽ ഏറെ സമയം ചിലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്ന ധ്വനിയോടെയാണ് ദേശീയ ജനറൽ സെക്രട്ടറിയുടെ ട്വീറ്റ്.

തമിഴ്നാട്ടിലെയും കേരളത്തിലെയും പാർട്ടി കാര്യകർത്താക്കളേയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെറും 36 മണിക്കൂർ മാത്രമാണ് തമിഴ്നാട് സന്ദർശിച്ചത്. എന്നാൽ കേരളത്തിൽ 60 മുതൽ 70 ദിവസം വരെ എത്തുകയും നൂറുകണക്കിന് യോഗങ്ങൾ നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ബിജെപി ഐടി സെല്ലിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ പോര് രൂക്ഷമായ പശ്ചാത്തലത്തിലാണ് അഗർവാളിന്റെ വിമർശനം. കേരളത്തിലെ ഐടി സെൽ നിർജീവമെന്നാണ് പ്രധാന പരാതി. മൂന്ന് വർഷം കൊണ്ട് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്നിലായെന്നും ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പേജ് ഇപ്പോൾ സിപിഐഎം കേരളയേക്കാൾ പുറകിലാണെന്നും വിമർശനമുണ്ട്.

പോസ്റ്റുകൾക്ക് ലൈക്കുകളും റീച്ചുകളും ലഭിക്കുന്നില്ല. ക്രിയാത്മകമായ ഒരു പരിപാടിയും ബിജെപി കേരള പേജിൽ വരുന്നില്ല. പാർട്ടിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ ഐടി സെല്ലിന് കഴിയുന്നില്ല. കെ സുരേന്ദ്രൻ കൊണ്ടുവന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം പോലും ബിജെപി ഐടി സെൽ ഏറ്റെടുത്തില്ലെന്നുമാണ് മറ്റ് വിമർശനങ്ങൾ.

ബിജെപിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഒരു പിആർ കമ്പനിയാണ്. 12 കോടി രൂപ മുടക്കി ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘വാരാഹി’ എന്ന കമ്പനിയെ നിയോഗിച്ചത് പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.