Thursday, April 23, 2026
Kerala

മാധ്യമങ്ങൾ കാട്ടിയ ശുഷ്കാന്തി മൂന്നരക്കോടി ജനങ്ങളും പരിശോധനക്കിറങ്ങിയതിന് തുല്യം; എഡിജിപി എം.ആർ അജിത് കുമാർ

Spread the love

കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങൾ കാണിച്ച ശുഷ്കാന്തി മൂന്നരക്കോടി ജനങ്ങളും പരിശോധനക്കിറങ്ങിയ പോലെയാക്കിയെന്ന് എഡിജിപി എം.ആർ അജിത് കുമാർ. തെക്കൻകേരളം മുഴുവൻ വ്യാപക തിരച്ചിൽ നടത്തി. കുഞ്ഞുമായി കൊല്ലം, തിരുവനന്തപുരം റൂറൽ വിട്ട് പുറത്തുപോകില്ലെന്ന് ഉറപ്പുണ്ടായിരുന്നു. നിരന്തരമായ പരിശോധനകൾ നടത്തി അവരെ സമ്മർദത്തിലാക്കാൻ പൊലീസിന് കഴിഞ്ഞു.

കുട്ടിക്ക് അമ്മയുടെ ഫോൺ നമ്പർ അറിയാമായിരുന്നു. സർക്കാരും പ്രതിപക്ഷവും കൃത്യമായി മാർഗനിർദേശം നൽകി. സാധിക്കാവുന്ന എല്ലാ ക്യാമറകളും ചെക്ക് ചെയ്തു. അവസാനം കല്ലുവാതിക്കലിലെ വീടും ലൊക്കേറ്റ് ചെയ്തു. കുട്ടി ഷോക്ക് വിട്ടു വരുന്നതേയുള്ളൂ. കുട്ടിക്ക് ഭക്ഷണം കൊടുത്തു. കുട്ടി സ്റ്റേബിൾ ആകുമ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. താമസിയാതെ പ്രതികളെ പിടികൂടാൻ സാധിക്കും. ആദ്യത്തെ ലക്ഷ്യം കുട്ടിയെ സുരക്ഷിതയായി കിട്ടുക എന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അബിഗേലിനെ കണ്ടെത്തിയതോടെ നിറഞ്ഞ സന്തോഷത്തിലാണ് കുട്ടിയുടെ കുടുംബം. അബിഗേലിന് കിംസ് ആശുപത്രി വിദഗ്ധ ചികിത്സ ഉറപ്പാക്കും. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.

പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് കഴിഞ്ഞ 20 മണിക്കൂറായി അന്വേഷണം പുരോഗമിക്കവെയാണ് കുഞ്ഞിനെ എസ്.ഐ ഷബ്നം കണ്ടെത്തുന്നത്. കൊല്ലം ആശ്രാമം മൈതാനത്തിന് അടുത്തുള്ള അശ്വതി ബാറിന് മുന്‍വശത്ത് നിന്നാണ് കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തുന്നത്. കുട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്.