Kerala

സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Spread the love

സിറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാണെന്ന് ആരോപിക്കുന്ന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ ജോഷി വര്‍ഗീസ് ആണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 437-ാം വകുപ്പ് പ്രകാരം ഉള്ള പല വ്യവസ്ഥകളും ഒഴിവാക്കിയാണ് ജാമ്യം അനുവദിച്ചതെന്ന് ആരോപിച്ചാണ് ഹര്‍ജി ക്രിമിനല്‍ നടപടി ചട്ടത്തിലെ 437 (3)-ാം വകുപ്പ് പ്രകാരം ഏഴോ, അതില്‍ അധികമോ വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ നിര്‍ബന്ധമായും ചില വ്യവസ്ഥകള്‍ ഏര്‍പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാണ് ജാമ്യം അനുവദിച്ചത് എന്നാണ് ഹര്‍ജിക്കാരന്റെ പരാതി.

കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതി 2023 ജനുവരി 27ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചിരുന്നു. മെയ് 16ന് ചില വ്യവസ്ഥകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ജാമ്യ വ്യവസ്ഥകള്‍ കോടതി ഭേദഗതി ചെയ്തു. പക്ഷേ ഭേദഗതി ചെയ്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരായി പുതിയ ജാമ്യ ബോണ്ട് സമര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചില്ലെന്നാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ പി എസ് സുധീര്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.