Kerala

കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി; തലമുറകള്‍ക്ക് ലോകം നൽകിയ ആദരമെന്ന് മന്ത്രി എം ബി രാജേഷ്

Spread the love

യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട്‌ മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്. ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കിലക്കും അഭിനന്ദനം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ലോകത്തെ ഏത് നാടിനെയും വെല്ലുന്ന നമ്മുടെ മഹാപൈതൃകത്തെ ആഗോള നിലവാരത്തിൽ ആധുനികമായി രേഖപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യാൻ ഈ കിലക്ക് കഴിഞ്ഞു. മുൻപ് ഈ നേട്ടം കൈവരിച്ച പ്രാഗ്, കാർക്കോവ്, എഡിൻബർഗ് ഉള്‍പ്പെടെയുള്ള ആഗോള നഗരങ്ങളുമായി നിരന്തരം ബന്ധം പുലർത്തുകയും സജീവമായ ആശയക്കൈമാറ്റം നടത്തുകയും ചെയ്തത് ഏറെ സഹായകരമായി എന്നും മന്ത്രി വ്യക്തമാക്കി. മലയാളി ഒരിക്കൽക്കൂടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. കോഴിക്കോടിന്റെ ഈ നേട്ടം കേരളത്തിനാകെ ആവേശവും അഭിമാനവുമാണ് എന്നുമാണ് മന്ത്രി കുറിച്ചത്.