ഇന്നെത്ര പിഴ വീഴും? അങ്കം വെട്ടിനൊരുങ്ങി റോബിൻ ബസ്; കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു, വെട്ടാൻ കെഎസ്ആർടിസിയും
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്ന് നടത്തിപ്പുകാർ വ്യക്തമാക്കി. അതേസമയം, റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി ഇറക്കിയ പ്രത്യേക കോയമ്പത്തൂർ സർവീസ് തുടങ്ങും ആരംഭിച്ചിട്ടുണ്ട്. എസി ലോ ഫ്ലോർ ബസാണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുമ്പേ പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങിയത്. കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കമാണ് റോബിൻ നടത്തുന്നതെന്ന് ജീവനക്കാർ ആരോപിച്ചു. കെഎസ്ആർടിസിയുടെ ബദൽ സർവീസ് കാര്യമാക്കുന്നില്ലന്നും റോബിൻ ബസിലെ ജീവനക്കാർ പറയുന്നു.
അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് അധികൃതര്‍ ചുമത്തിയത്. സംസ്ഥാനത്ത് നാലിടത്ത് ബസ് തടഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. അതേസമയം, തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. നികുതിയായി 32000 രൂപയും പിഴയായി 32000 രൂപയും ഉൾപ്പടെയാണിത്.
അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിൻ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റോബിൻ ബസ് ഉടമ നല്‍കുന്ന സൂചന. അങ്ങനെയെങ്കിൽ നിയമപരമായി നേരിടാൻ തന്നെയാണ് റോബിൻ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.