Uncategorized

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

Spread the love

സ്റ്റേജ് കാരേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ജില്ലയിൽ അന്തർസംസ്ഥാന ദീർഘദൂര സ്വകാര്യ ബസുകൾ ഉൾപ്പെടെ പിടിച്ചെടുക്കുന്നു. അതേസമയം, നടപടിക്കെതിരെ ബസ് ജീവനക്കാരും ഉടമകളും വ്യാപക പ്രതിഷേധത്തിലാണ്.

സ്റ്റേജ് കാരേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് കാരേജുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ടൂറിസം വികസനം ലക്ഷ്യമാക്കി നല്‍കുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് തീരുമാനം.

ഇത്തരം ബസുകള്‍ക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും സർവീസ് നടത്തുവാൻ കോൺട്രാക്ട് വാഹനങ്ങൾക്ക് അനുവാദമില്ല. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കി സർവീസ് നടത്തുവാൻ സ്റ്റേജ് കാരേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ.

ഒരു സ്ഥലത്തു നിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് കാരേജുകൾക്ക് പെർമിറ്റ് നൽകുന്നത്.