Kerala

‘നേതാക്കളുടെ അന്ത്യയാത്രയ്ക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്’; നവകേരള യാത്രയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

Spread the love

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസ്സില്‍ യാത്ര ചെയ്യുന്നതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ.സാധാരണ നേതാക്കളുടെ അന്ത്യയാത്രക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്.കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുന്നത്.അതിന്‍റെ കാലൻ ആണ് പിണറായി വിജയനെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മോദി സർക്കാർ ഉള്ളത് കൊണ്ടാണ് കേരളം ഇന്ന് ജീവിക്കുന്നത്. നവകേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂർത്താണ്. നവകേരള സദസ് തെരഞ്ഞെടുപ്പിന് കാശ് പിരിക്കാൻ വേണ്ടിയാണ്. ഇതൊരു പാഴാകുന്ന യാത്രയാണ്. ജനങ്ങൾക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നതെന്നും അത് നടത്തുന്നതിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഡംബര ബസ്സിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂർത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം.

അതേസമയം 18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.