Sports

2019ലെ കണ്ണീരിന് പകരംവീട്ടി; ഇന്ത്യ ഫൈനലിൽ

Spread the love

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ രാജകീയമായി ഫൈനലന് ടിക്കററ്റെടുത്തത്. ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഇന്ത്യൻ ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

നേരത്തെ വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളുടെ മികവ് ഇന്ത്യൻ സ്കോർ പടുത്തുയർത്തി. ഇന്ത്യയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിരയ്ക്ക് താളം തെറ്റി. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്.113 പന്തിൽ 117 റൺസ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 2 സിക്സും 9 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 71 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്താവുകയായിരുന്നു.

സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗിൽ കടുത്ത പേശീവലിവിനേത്തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിട്ടിരുന്നു. 65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാൽ അവസാന ഓവറുകളിൽ തിരികെയെത്തിയ താരം ഒരു റൺസ് കൂടി എടുത്ത് അക്കൗണ്ടിൽ 80 റൺസ് ചേർത്തു.

ലോകകപ്പിലെ പത്തില്‍ പത്തും ജയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം എതിര്‍ടീമിനെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല. കടുത്ത ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ഇന്ത്യ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടം ചൂടാന്‍ കാത്തിരിക്കുകയാണ്.