Gulf

അബുദബി അന്താരാഷ്ട്ര വിമാനത്താവളം; പുതിയ ടെര്‍മിനല്‍ പൂർണമായും പ്രവർത്തനം ആരംഭിച്ചു

Spread the love

അബുദബി: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനൽ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങി. മുഴുവന്‍ വിമാനങ്ങളും ബുധനാഴ്ച മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. ഒരേ സമയം 79 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുളളതാണ് ഈ ടെര്‍മിനല്‍. ഈ മാസം ഒന്നാം തീയതിയാണ് അബുദബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, വിസ്താര, വിസ് എയര്‍ തുടങ്ങി 15 എയര്‍ലൈനുകളായിരുന്നു തുടക്കത്തില്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് മുഴുവന്‍ സര്‍വീസുകളും പുതിയ ടെര്‍മിനലിലക്കേ് മാറിയത്. കഴിഞ്ഞ ദിവസം വരെ പുതിയ ടെര്‍മിനല്‍ ഉള്‍പ്പെടെ നാല് ടെര്‍മിനലുകളും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച മുതല്‍ എല്ലാ വിമാന സര്‍വീസുകളും പുതിയ ടെര്‍മിനലിലേക്ക് മാറുകയായിരുന്നു.

28 എയര്‍ലൈനുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് നടത്തുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 11,000 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് പുതിയ ടെര്‍മിനല്‍. പ്രതിവര്‍ഷം 45 ദശലക്ഷം ആളുകള്‍ക്ക് ഇത് വഴി യാത്ര ചെയ്യാനാകും. ചെക്ക് ഇന്‍ നടപടികളും ചരക്ക് നീക്കവും വേഗത്തില്‍ സാധ്യമാക്കുന്നതിന് ആവശ്യമായ ആധുനിക ക്രമീകരണങ്ങള്‍ പുതിയ ടെര്‍മിനലില്‍ ഏ‍ർപ്പെടുത്തിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ക്കായി ഇന്റര്‍ കണക്റ്റഡ് ബയോമെട്രിക് സംവിധാനം, സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍, ആധുനിക രീതിയിലുളള സെക്യുരിറ്റി ചെക്ക് ഇന്‍ പോയിന്റുകള്‍ എന്നിവയും പുതിയ ടെര്‍മിനലിന്റെ പ്രത്യേകതയാണ്.