കളമശ്ശേരി സ്ഫോടനം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ
കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്നവരുടെ ചികിൽസാ ചെലവും നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. അതിനിടെ, പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡൊമിനിക് മാർട്ടിനെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കി. മാർട്ടിനെ റിമാന്‍ഡ് ചെയ്തു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം
പിണറായി ഗ്രാമപഞ്ചായത്തിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്‍റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്‍റെ ശിപാര്‍ശ അംഗീകരിച്ചു.
സര്‍ക്കാര്‍ ഗ്യാരണ്ടി
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷനുള്ള 6 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.