ലോകകപ്പിൽ വിരാട് കോലിക്ക് കന്നി വിക്കറ്റ്; ഇന്ത്യക്കായി പന്തെറിഞ്ഞവരിൽ ഗില്ലും സൂര്യയും
ക്രിക്കറ്റ് ലോകകപ്പ് കരിയറിൽ വിരാട് കോലിക്ക് കന്നി വിക്കറ്റ്. ഇന്ന് നെതർലൻഡ്സിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്‌വേർഡ്സിനെ കെഎൽ രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് കോലി തൻ്റെ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്.
ഇന്നിംഗ്സിൻ്റെ 25ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ലെഗ് സൈഡിൽ വൈഡാകുമായിരുന്ന പന്തിൽ ബാറ്റ് വച്ച എഡ്വാർഡ്സിനെ രാഹുൽ സമർത്ഥമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. 2014ൽ കിവീസ് താരം ബ്രെണ്ടൻ മക്കല്ലമിൻ്റെ വിക്കറ്റ് നേടിയതിനു ശേഷം ഇതാദ്യമായാണ് കോലി ഏകദിനത്തിൽ വിക്കറ്റ് സ്വന്തമാക്കുന്നത്. ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും രണ്ട് ഓവർ വീതം എറിഞ്ഞെങ്കിലും ഇരുവർക്കും വിക്കറ്റൊന്നും ലഭിച്ചില്ല, ഗിൽ രണ്ട് ഓവറിൽ 11 റൺസും സൂര്യ 17 റൺസും വഴങ്ങി. മൂന്ന് ഓവർ എറിഞ്ഞ കോലി 13 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന നെതർലൻഡ്സിന് 38 ഓവറിൽ 173 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. കോലിക്കൊപ്പം ബുംറ, കുൽദീപ്, ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ഉണ്ട്.