Sports

ഇതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ആക്രമണനിര എന്ന് പറയാനാവില്ല: സൗരവ് ഗാംഗുലി

Spread the love

ഇപ്പോഴുള്ള പേസ് ബൗളിംഗ് നിര ഇന്ത്യയുടെ ഏറ്റവും മികച്ചതാണെന്ന് പറയാനാവില്ലെന്ന് മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. 2003 ലോകകപ്പിലെ പേസ് ബൗളിംഗ് നിര തകർപ്പൻ പ്രകടനമാണ് നടത്തിയതെന്നും ഗാംഗുലി പറഞ്ഞു. സ്പോർട്സ് തകിനോടായിരുന്നു താരത്തിൻ്റെ പ്രതികരണം.

“ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പേസ് അറ്റാക്കാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. 2003 ലോകകപ്പിൽ ആശിഷ് നെഹ്റ, സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് സഖ്യം മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. പക്ഷേ, ബുംറയും സിറാജും ഷമിയും തകർത്തെറിയുന്നുണ്ട്. ബുംറ വളരെ നിർണായക പങ്ക് വഹിക്കുന്നുണ്ട്.”- ഗാംഗുലി പറഞ്ഞു.

ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ ബൗളിംഗ് നിര. വെറും 4 മത്സരങ്ങൾ മാത്രം കളിച്ച ഷമി 16 വിക്കറ്റുമായി മുന്നിൽ നിൽക്കുമ്പോൾ ബുംറ 9 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് നേടി. ആദ്യ ചില മത്സരങ്ങളിലെ മോശ പ്രകടനം കഴുകിക്കളഞ്ഞ് സിറാജും ഫോമിലേക്കുയർന്നുകഴിഞ്ഞു. നാളെ നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഈ കളി തോറ്റാലും ഇന്ത്യ തന്നെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.