Kerala

‘പ്രസാദ് സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷി’; രമേശ് ചെന്നിത്തല

Spread the love

കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ്. സർക്കാരിന്റെ പക്കൽ പണമില്ലെന്നും എന്നാൽ ധൂത്ത് നടത്താൻ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ മരണത്തിന് ഉത്തരവാദി സർക്കാരാണ്. പിആർഎസ് വായ്പ സർക്കാർ കുടിശ്ശിക വരുത്തി. ഇത് കർഷകരെ വലിയ ദുരിതത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. മുൻപും കർഷക ആത്മഹത്യ ഉണ്ടായിട്ടുണ്ട്. ഭക്ഷ്യമന്ത്രിയുടെ വാദങ്ങൾ ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഭരണമോ സർക്കാരോ ഉണ്ടോ? എന്നും ചോദിച്ചു.

ധൂർത്തടിക്കാൻ സർക്കാരിന് പണമുണ്ട്. ‘കേരളീയം’ ധൂർത്ത് അവസാനിക്കും മുമ്പ് നവകേരള സദസ്സിന്റെ പേരിൽ മറ്റൊരു ധൂർത്ത് കൂടി. പോക്കറ്റിൽ അഞ്ചു പൈസ ഇല്ലാത്തപ്പോൾ ഈ മാമാങ്കം നടത്തുന്നത് എന്തിന്? എന്ത് ന്യായീകരണമാണ് സർക്കാരിനുള്ളത്?, പാർട്ടിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പിൻ്റെ പേരിൽ നടത്തുന്ന പ്രചാരണമാണിത്. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.