ബംഗ്ലാദേശിന് ആശ്വാസ ജയം; ശ്രീലങ്കയെ തോൽപ്പിച്ചത് 3 വിക്കറ്റിന്
ലോകകപ്പിൽ ശ്രീലങ്കയെ 3 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ഇതോടെ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ബംഗ്ലാദേശ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 49.3 ഓവറിൽ 279ന് ആൾ ഔട്ടാവുകയായിരുന്നു. 280 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് നജ്മുള്‍ ഹൊസൈന്‍, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി.
ഇരുവരും പുറത്തായശേഷം തൗഹിദ് ഹൃദോയിയും തന്‍സിം ഹസന് ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിന് ലോകകപ്പിലെ രണ്ടാം ജയം സമ്മാനിച്ചു. തോല്‍വിയോടെ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശേഷം സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക മാറുകയും ചെയ്തു.
ബംഗ്ലാദേശിന് തന്‍സിദ് ഹസനെയെും(9), ലിറ്റണ്‍ ദാസിനെയും(23) ആദ്യമേ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ഷാക്കിബ് അള് ഹസനും ചേര്‍ന്ന് 159 റണ്‍സ് കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ 210 റണ്‍സിലെത്തിച്ചു. 65 പന്തില്‍ 82 റണ്‍സെടുത്ത ഷാക്കിബിനെയും 101 പന്തില്‍ 90 റണ്‍സടിച്ച ഷാന്റോയെയും ഏയ്ഞ്ചലോ മാത്യൂസ് ആണ് മടക്കിയത്. മെഹ്മദ്ദുള്ള (22), മുഷ്ഫീഖുര്‍ റഹീം(10), മെഹ്ദി ഹസന് മിറാസ്(3) എന്നിവർ പുറത്തായെങ്കിലും ഹൃദോയിയുടെയും തന്‍സിം ഹസന്റെയും പോരാട്ടം അവരെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെ (108) സെഞ്ചുറിയുടെ കരുത്തിലാണ്സ്കോ തരക്കേടില്ലാത്ത സ്കോറിലെത്തിയത്. സദീര സമരവിക്രമ(41), പാതും നിസങ്ക(41), ധനഞ്ജയ ഡിസില്‍വ(34), മഹീഷ തീക്ഷണ(22) എന്നിവരാണ് പൊരുതിയത്.