National

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം; മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

Spread the love

തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. തൂത്തുക്കുടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.45 ഓടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.