National

മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം

Spread the love

മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ വിന്യാസത്തിന് എത്തിയ പൊലീസ് കമാൻഡുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിച്ചത്. കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.

ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. പിന്നലെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഉണർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധനം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിൽ പറയുന്നു.

കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ഇതിനിടെ കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ, മൊറെയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.