നാഗരികതയുടെ തിക്കുംതിരക്കുമില്ലാത്ത സ്വച്ഛമായ അനുഭവം; അടുത്ത ട്രിപ്പ് ചേകാടിക്ക് ആകട്ടെ
വയനാട്ടിലുമുണ്ട് ഒരു കുട്ടനാട്. വയനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ചേകാടിയാണ് ഈ നാട്. നാഗരികതയുടെ തിക്കുംതിരക്കുമില്ലാത്ത സ്വച്ഛമായ അനുഭവം വേണമെങ്കിൽ ഈ വനഗ്രാമത്തിലേക്കെത്താം.
പുൽപ്പള്ളിയിലെ ചേകാടിയെന്ന ഗോത്രഭൂമിയിലെത്തിയാൽ വയലും പുഴയും വനവുമൊന്നായിക്കാണാം. പരമ്പരാഗത നെല്ലിനമായ ഗന്ധകശാലയുടെ മണം പടരുന്ന വയലേലകൾ, അതിന് ചുറ്റിലും വനം. ഒരു ഭാഗത്ത് കബനിയൊഴുകുന്നു. കൃഷിയെ കൈവിടാത്ത, കോൺക്രീറ്റ് കൂടാരങ്ങളുടെ അതിപ്രസരമില്ലാത്ത മനുഷ്യരുടെ നാടാണ് ചേകാടി. മൺചുവരുകളും വൈക്കോൽകൂനകളുംകൊണ്ട് നിർമ്മിച്ച വീടുകൾ ശേഷിക്കുന്ന അപൂർവം വയനാടൻ ഭൂപ്രദേശങ്ങളിലൊന്നാണിത്. മണ്ണിൽ മതിലുകളില്ല.
ഗോത്ര സംസ്‌കാരം അടുത്തറിയാം. അവരുടെ വേഷ രീതി, ഭക്ഷണം എന്നിവയെല്ലാം അനുഭവിച്ചറിയാം. ഒപ്പം നാട്ടുത്സവങ്ങൾ, നെല്ല് വിതക്കൽ, കൊയ്ത്ത് എന്നിവയെല്ലാം നേരിട്ട് അറിയാം. ഗ്രാമീണത തേടിയെത്തുന്നവർക്ക് ഒട്ടും നിരാശ പകരില്ല ഈ നാട്.
കൽപ്പറ്റ ബസ് സ്റ്റാൻഡിലിറങ്ങി പുൽപള്ളിയിലേക്ക് മറ്റൊരു ബസ് കയറണം. പുൽപള്ളിയിലിറങ്ങി ചേകാടിയിലേക്ക് ബസ് കിട്ടും.