കളമശ്ശേരി സ്ഫോടനം: കുറ്റം ചെയ്തത് പ്രതി ഒറ്റയ്ക്ക്; സ്വയം വാദിക്കുമെന്ന് മാർട്ടിൻ
കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിച്ച കൂസലില്ലാതെയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി പറഞ്ഞു. കേസ് സ്വയം വാദിക്കുമെന്നും മാർട്ടിൻ പറഞ്ഞു. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുൻപും മാർട്ടിൻ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് വിവരശേഖരണം.
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽ നോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക.
അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഈ സമയം കൊണ്ട് കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി.
ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.