Kerala

‘ഞാൻ ചെയ്തതൊന്നും ജനപ്രിയ സിനിമകളല്ലേ ?’; കേരളീയം പരിപാടിയിൽ തന്റെ സിനിമകളില്ലാത്തതിൽ ദുഃഖം രേഖപ്പെടുത്തി ബാലചന്ദ്ര മേനോൻ

Spread the love

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിൽ ദുഃഖം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നിരവധി ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടും താൻ തഴയപ്പെട്ടതിൽ സർക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

‘സർക്കാർ എന്റേയും സർക്കാരാണല്ലോ, പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സർക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളിപ്പിറവി ദിനമായ ഇന്ന് അറിയിക്കേണ്ടി വന്നതിൽ ലജ്ജയും ദുഃഖവുമുണ്ട്’- ഈ വരികൾ പറഞ്ഞുകൊണ്ടായിരുന്നു ബാലചന്ദ്ര മേനോൻ തുടങ്ങിയത്. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. നിരവധി മലയാള സിനിമകളുടെ കഥയും സംഭാഷവും സംവിധാനവുമെല്ലാം നിർവഹിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാത്തതെന്തെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.

‘മലയാള സിനിമയുടെ പരിച്ഛേദം കാണിക്കാനുള്ള സിനിമകളുടെ പട്ടികയിൽ എന്റെ ഒരു സിനിമ പോലും ഇല്ല. ഇത് കണ്ടപ്പോൾ മിണ്ടാതിരിക്കാൻ തോന്നിയില്ല. ഇപ്പോൾ കരയുന്ന കുഞ്ഞനല്ലേ പാലുള്ളു. പലപ്പോഴും കരഞ്ഞിട്ടും കിട്ടാറില്ല. എന്റെ സിനിമകളിലൂടെ ഞാനുണ്ടാക്കിയ പ്രേക്ഷക ബന്ധമുണ്ട്. എന്റെ സിനിമ കണ്ട് വിസിലടിക്കുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്ന ഫാൻസ് എനിക്കില്ല. പക്ഷേ എന്റെ സിനിമ ഇഷ്ടപ്പെടുന്നവരാണ്. ഒരു ഷോ പോലും നേരെ നടക്കാത്ത പടങ്ങൾ വരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ ഒന്നിന് വന്ന് പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്. പക്ഷേ സിനിമയിൽ പ്രവർത്തിച്ചതിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അച്ചുവേട്ടന്റെ സിനിമ സ്ത്രീപക്ഷ ചിത്രമായിരുന്നു. ചിരിയോ ചിരി ട്രെൻഡ് സെറ്ററായിരുന്നു. ഇതിന് ശേഷമാണ് നാടോടിക്കാറ്റൊക്കെ വരുന്നത്. ഏപ്രിൽ മാസം എന്ന് കേട്ടാൽ ഏപ്രിൽ 18 ആണ് മലയാളികളുടെ മനസിലേക്ക് എത്തുന്നത്. ഇതൊന്നും ജനപ്രിയ സിനിമകളല്ലേ ?’- ബാലചന്ദ്ര മേനോൻ ചോദിച്ചു.